കൊച്ചി: സർവേയറെ നിയമിക്കാതെയും വില്ലേജ് ഓഫീസ് ജീവനക്കാർക്ക് പരിശീലനം നൽകാതെയും ഡിജിറ്റൽ സർവേ ആരംഭിച്ചത് മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം താളം തെറ്റിച്ചു.
സർവേ ആരംഭിക്കുന്ന വിവരം പ്രാദേശികമായി ജനത്തെ അറിയിക്കുക പോലും ചെയ്യാതെയാണ് മട്ടാഞ്ചേരി, പള്ളുരുത്തി വില്ലേജുകളിൽ ഡിജിറ്റൽ സർവേ തുടങ്ങിയത്
ഇതറിയാതെ വസ്തു ക്രയവിക്രയത്തിനായി മുദ്രപ്പത്രം വാങ്ങുകയും രജിസ്ട്രേഷൻ ഫീ ഒടുക്കുകയും ചെയ്തവർ ഇതോടെ വെട്ടിലായി.
പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ കരം ഒടുക്കിയ രസീതും ഭൂമിയുടെ സ്കെച്ചും അനിവാര്യമാണ്.
ഡിജിറ്റൽ സർവേ തുടങ്ങിയതോടെ ഈ സംവിധാനം ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
കൊച്ചി താലൂക്കിൽ ഏറ്റവുമധികം രജിസ്ട്രേഷൻ നടക്കുന്നത് മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി വില്ലേജ് ഓഫിസുകളിൽ നിന്നുള്ള വസ്തുക്കളാണ്.
ഇവിടെ രജിസ്ട്രേഷൻ നടപടികൾ ഇതോടെ മൂന്നിലൊന്നായി കുറഞ്ഞു.
സർക്കാരിന്റെ റവന്യൂ വരുമാനത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്.
പ്രാദേശിക അറിയിപ്പ് നൽകാതെ ഈ ഓഫിസുകളിലെ പ്രവർത്തനം ബ്ലോക്ക് ചെയ്തത് ജനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പെൺകുട്ടികളുടെ വിവാഹത്തിനും മറ്റുമായി ഭൂമി വില്പനക്ക് കരാർ എഴുതിയവർ ഇനി ഇത് എന്ന് രജിസ്റ്റർ ചെയ്യാനാവുമെന്നറിയാതെ നിസ്സഹായവസ്ഥയിലാണ്.
വാങ്ങി എഴുതിവെച്ച മുദ്രപ്പത്രങ്ങൾ നാലു മാസത്തിനകം രജിസ്റ്റർ ചെയ്തില്ലെങ്കിൽ അത് ഉപയോഗ ശൂന്യമാവുകയും ചെയ്യും.
സർവേയർമാരെ നിയമിക്കുന്നത് വരെ ഡിജിറ്റൽ സർവേ നടപടി നീട്ടിവെക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് റവന്യൂ വകുപ്പ് നടത്തി വരുന്ന ഡിജിറ്റൽ സർവേ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും മിക്കവാറും വില്ലേജ് ഓഫിസുകളിൽ സർവേയർ ഇല്ല.
നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച പരിശീലനവും നൽകിയിട്ടില്ല. അക്ഷയകേന്ദ്രങ്ങൾക്കും പരിശീലനം നൽകിയിട്ടില്ല.
Photo Courtesy - Google











